ആംബുലൻസിനുള്ളിൽ ലൈംഗികാതിക്രമം; മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
തൃശ്ശൂർ: ചികിത്സയ്ക്കായി എത്തിച്ച യുവതിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സംഭവത്തിൽ മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ലൈംഗികാതിക്രമക്കേസിൽ ആരോഗ്യമന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്
സംഭവത്തിൽ പിടിയിലായ ദയാലാൽ എന്ന യുവാവ് രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന പേരിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയതെന്നും എന്നാൽ വനിതാ ജീവനക്കാർ തന്നെയാണ് യുവതിയെ പരിചരിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ
കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് അവശനിലയിലായ കയ്പമഗംലം സ്വദേശിയായ യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു എത്തിച്ചത്.അത്യാസന്ന നിലയിലായ യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് ആംബുലൻസിൽ കൊണ്ട് പോകുമ്പോഴായിരുന്നു പീഡനമേറ്റത്.ബന്ധു എന്ന പേരിൽ ദയാലാലും ആംബുലൻസിൽ കയറി കൂടുകയായിരുന്നു.എന്നാൽ പ്രതി എങ്ങനെയാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ആംബുലൻസിൽ കറിപ്പറ്റിയതെന്ന് അറിയില്ല എന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മെഡിക്കൽ കോളേജിലെ രജിസ്റ്ററിലും ഇയാൾ കൂട്ടിരിപ്പുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ ബന്ധുവിനോടാണ് യുവതി പീഡനവിവരം അറിയിച്ചത്. തുടർന്ന് സ്റ്റാഫ് നേഴ്സ് നൽകിയ വിവരപ്രകാരം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.