ചികിത്സാ നിഷേധ പരാതിയ്ക്ക് പിന്നാലെ ഉമ്മൻചാണ്ടി ആശുപത്രിയിൽ; ന്യൂമോണിയയ്ക്ക് ചികിത്സ ആരംഭിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധയ്ക്കാണ് അദ്ദേഹത്തിന് ചികിത്സ നടത്തുന്നത്. തൊണ്ടയുടെ രോഗത്തിന് ജർമ്മനിയിൽ ചികിത്സയ്ക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യയും മൂത്തമകളും മകൻ ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നു എന്നുകാട്ടിയാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഈ പരാതിക്കെതിരെ കുടുംബം രംഗത്തുവന്നിരുന്നു.അതേസമയം ഉമ്മൻചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മൻ പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആഗ്രഹമെന്ന് പ്രതികരിച്ചു. പരാതി ഉയർന്നതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ പങ്കുവച്ച് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. എന്നാൽ ഇപ്പോഴും താൻ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നാണ് അലക്സ് വി ചാണ്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.അതിനിടെ ഇന്ന് ഉമ്മൻചാണ്ടിയെ മുൻ കേന്ദ്രമന്ത്രി എ കെ ആന്റണിയും യു ഡി എഫ് കൺവീനർ എം എം ഹസനും തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിച്ചിരുന്നു. ഇരുവരും ഒന്നിച്ചാണ് എത്തിയത്.സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു ആന്റണി പറഞ്ഞത്. ഉമ്മൻ ചാണ്ടി ബംഗളൂരുവിൽ പോകുന്നതുകൊണ്ടാണ് കാണാൻ എത്തിയതെന്നാണ് എം എം ഹസൻ പ്രതികരിച്ചത്.