സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ കൂടി, അംഗബലം 27ൽ നിന്ന് 32 ആയി
ന്യൂഡൽഹി: കൊളീജിയം ശുപാർശ പ്രകാരമുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ അഞ്ച് ജഡ്ജിമാർ സുപ്രീം കോടതി ജഡ്ജിമാരായി അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. പാനലിലേയ്ക്ക് നിർദേശിച്ച ജഡ്ജിമാരുടെ നിയമനം വൈകിക്കുന്നതിൽ സുപ്രീം കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിയമനവിജ്ഞാപനം പുറത്തിറക്കിയത്. പുതിയ ജഡ്ജിമാരുടെ നിയമന ഉത്തരവ് രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ചയാണ് ഒപ്പുവച്ചത്.രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേറ്റത്.പുതുതായി അഞ്ച് ജഡ്ജിമാർ കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ അംഗബലം 27ൽ നിന്ന് 32 ആയി ഉയർന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ ആകെ എണ്ണം 34 ആണ്. ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേയ്ക്ക് കൊളീജിയം രണ്ട് പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെയാണ് കൊളീജിയം ഒഴിവുളള രണ്ട് തസ്തികകളിലേയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കഴിഞ്ഞ ഡിസംബർ 13ന് അഞ്ചംഗ ഹൈക്കോടതി ജഡ്ജിമാരുടെ പാനൽ കേന്ദ്രസർക്കാരിന് മുന്നിൽ നിർദേശിച്ചത്. ഇവരുടെ നിയമന നടപടികൾ വൈകിപ്പിക്കുന്നതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തെ ഗൗരവതരമായി വിശേഷിപ്പിച്ച കോടതി കൊളീജിയം ശുപാർശകളിൽ അസുഖകരമായ നടപടികൾ സ്വീകരിക്കാൻ തങ്ങളെ നിർബന്ധിതരാക്കരുതെന്ന് കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അഞ്ച് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.അതേസമയം, മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. വിക്ടോറിയ ഉൾപ്പെടെ പതിമൂന്നുപേരെ വിവിധ ഹൈക്കോടതികളിലേയ്ക്ക് ജഡ്ജിമാരാക്കാനുള്ള നിയമന ഉത്തരവാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് വിക്ടോറിയ വിമർശനം നേരിട്ടിരുന്നു. ബി ജെ പി മഹിളാ മോർച്ച നേതാവ് കൂടിയാണ് വിക്ടോറിയ എന്നും ആരോപണമുണ്ട്. അതേസമയം, വിക്ടോറിയയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാർശയ്ക്കെതിരായ ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.