ട്രെയിൻ തട്ടി മരിച്ച 60കാരൻ സുഹൃത്തുമായി വീഡിയോ കാൾ ചെയ്തു; ഞെട്ടി ബന്ധുക്കളും പൊലീസും
മുംബയ്: മരിച്ചയാൾ ജീവനോടെ കൂട്ടുകാരന്റെ വീഡിയോ കാളിൽ വന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മരിച്ചുവെന്ന് കരുതി ബന്ധുക്കൾ അടക്കം ചെയ്തയാളിനെയാണ് പൊലീസ് അഗതിമന്ദിരത്തിൽ നിന്ന് കണ്ടെത്തിയത്.ജനുവരി 29ന് ബോയ്സർ – പാൽഘർ സ്റ്റേഷനുകൾക്കിടയിലെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. മരിച്ചയാളുടെ ശരീരം തിരിച്ചറിയാൻ റെയിൽവേ പൊലീസ് ഇയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതിനെ തുടർന്ന് പാൽഘറിൽ നിന്നുള്ള ഒരാൾ പൊലീസിനെ സമീപിച്ച് മരിച്ചയാൾ തന്റെ സഹോദരൻ റഫീഖ് ഷെയ്ഖ് (60)ആണെന്ന് അവകാശപ്പെട്ടു. റഫീഖിനെ രണ്ട് മാസം മുൻപ് കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പാൽഘർ റെയിൽവേ പോലീസ് റഫീഖിന്റെ കേരളത്തിലുള്ള ഭാര്യയെ വിളിച്ച് വരുത്തി മൃതദേഹം അയാളുടെതാണെന്ന് ഉറപ്പ് വരുത്തി ബന്ധുക്കൾക്ക് കെെമാറി.രണ്ട് ദിവസം മുൻപാണ് കുടുംബാംഗങ്ങൾ മൃതദേഹം സംസ്കരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച റഫീഖിന്റെ ഒരു സുഹൃത്ത് അയാളുമായി വീഡിയോ ചാറ്റ് നടത്തുകയും താൻ സുഖമായിരിക്കുന്നുവെന്ന് റഫീഖ് അറിയിക്കുകയും ചെയ്തു. ഈ വീഡിയോ കാൾ സോഷ്യൽ മീഡിയയിൽ വെെറലായതോടെയാണ് കുടുംബാംഗങ്ങൾ പൊലീസിനെ വിവരം അറിയിച്ചത്.കുറച്ച് മാസങ്ങൾക്ക് മുൻപ് റഫീഖ് പാൽഘറിലെ ഒരു അഗതിമന്ദിരത്തിലേയ്ക്ക് പോകുകയായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ ട്രെയിൽ തട്ടി മരിച്ച അജ്ഞാതന്റെ മൃതദേഹം റഫീഖിന്റെ താണെന്ന് കരുതി അടക്കം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.