കൊച്ചിയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ മീൻ പിടികൂടി, കൊണ്ടുവന്നത് രണ്ട് കണ്ടെയ്നറുകളിൽ
കൊച്ചി: ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ മീൻ പിടികൂടി. എറണാകുളം മരടിൽ രണ്ടു കണ്ടെയ്നർ നിറയെ അഴുകിയ മത്സ്യം പിടികൂടിയത്. ആദ്യത്തെ കണ്ടെയ്നറിലേത് പുഴുവരിച്ച നിലയിലും, രണ്ടാമത്തേതിൽ ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു മത്സ്യങ്ങൾ. ആന്ധ്രാപ്രദേശിൽ നിന്നാണ് കണ്ടെയ്നറുകൾ എത്തിയതെന്നാണ് സൂചന.കണ്ടെയ്നറിൽനിന്നും അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. മീൻ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവർമാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകൾ. അതിനാലാണ് ഉദ്യോഗസ്ഥർക്ക് കണ്ടെയ്നർ തുറക്കാനും മീൻ പുറത്തെടുക്കാനും കഴിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവർമാരെ കണ്ടെത്താനായില്ല. ഇവർ സമീപത്തുതന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങൾ കണ്ടെയ്നറിന്റെ മുകളിൽ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ സ്ഥലത്തുനിന്ന് മാറിനിൽക്കുകയാണെന്നാണ് കരുതുന്നത്ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മീൻ ഉടൻ തന്നെ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ നിർദേശം നൽകി. നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസും അറിയിച്ചു.കഴിഞ്ഞ ആഴ്ച കളമശ്ശേരിയിൽ നിന്ന് കിലോക്കണക്കിന് സുനാമി ഇറച്ചി പിടികൂടിയിരുന്നു. ഇറച്ചി എത്തിച്ച മണ്ണാർക്കാട് സ്വദേശി നിസാബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്.