14കാരിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; കൈകാലുകൾ കെട്ടി തേയിലത്തോട്ടത്തിൽ തളളി, പ്രതികൾ പിടിയിൽ
ദിസ്പൂർ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ലഹോവൽ മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്.ഫെബ്രുവരി മൂന്നിനാണ് പെൺകുട്ടിയെ കാണാതായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ഒറ്റയ്ക്ക് കടയിലേക്ക് പോയ കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തേയിലത്തോട്ടത്തിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടെത്തുന്നത്. ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് എത്തി ആസാം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അഞ്ച് പേര് ചേര്‍ന്ന് രണ്ട് ദിവസത്തോളം പെണ്‍കുട്ടിയെ മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു.അതേസമയം, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഭൈജൻ അലി, സഫർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.