മൈഗ്രേൻ ഉള്ള സ്ത്രീകളുടെ ഗർഭകാലം സങ്കീർണമായേക്കാം, കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് പഠനം
മാസം തികയുന്നതിനു മുമ്പുള്ള പ്രസവം, ഗര്‍ഭകാല ഹൈപ്പര്ടെന്ഷന്, പ്രീക്ലാമ്പ്സിയ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
വാഷിങ്ടണ്‍ : മൈഗ്രേന് കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകളിലെ പ്രത്യുത്പാദനകാലഘട്ടത്തിലാണ് ഇത് പ്രബലമാകാറുള്ളതും. ഇപ്പോഴിതാ ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന സങ്കീര്‍ണ്ണതകളുമായി മൈഗ്രേന് ബന്ധമുണ്ടെന്ന് തെളിയിച്ചിരിക്കയാണ് ഹാര്‍വേര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ടീച്ചിങ് ഹോസ്പിറ്റലായ ബ്രിഗം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലുള്ള ഗവേഷകസംഘം.
ഗര്‍ഭധാരണത്തിന് മുമ്പുണ്ടാകുന്ന മൈഗ്രേന് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുമെന്നാണ് സംഘം പറയുന്നത്. മാസം തികയുന്നതിനു മുമ്പുള്ള പ്രസവം, ഗര്‍ഭകാല ഹൈപ്പര്ടെന്ഷന്, പ്രീ എക്ലാംസിയ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഗര്‍ഭകാലത്തെ ഹൈപ്പര്‍ടെന്‍സീവ് ഡിസോര്ഡറുകള് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ബാധിക്കുകയും മരണത്തിലേക്ക് വരെ തള്ളിയിടുകയും ചെയ്യാമെന്ന് മുഖ്യഗവേഷക അലക്സാണ്ട്ര പര്‍ഡ്യൂ സ്മിത്ത് പറഞ്ഞു.
മൈഗ്രേനുള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് തങ്ങളുടെ പഠനം സൂചിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ജനനസമയത്തെ കുഞ്ഞിന്റെ തൂക്കക്കുറവിനോ ഗര്‍ഭകാലത്തെ അമ്മയുടെ ഡയബറ്റീസിനോ മൈഗ്രേന് ഒരു കാരണമല്ല എന്നും അലക്സാണ്ട്രിയ എടുത്തുപറഞ്ഞു.
നഴ്സസ് ഹെല്‍ത്ത് സ്റ്റഡിയിലുള്ള 30,555 ഗര്‍ഭിണികളിലാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ ഗര്‍ഭധാരണത്തിനുമുമ്പ് മൈഗ്രേന് ഉണ്ടായിരുന്ന സ്ത്രീകളില്‍ മറ്റുകൂട്ടരില്നിന്ന് വ്യത്യസ്തമായി സങ്കീര്‍ണ്ണതകളുടെ തോത് കൂടുതലാണെന്ന് കണ്ടെത്തി. മാസം തികയാതെയുള്ള പ്രസവത്തിന് 17 ശതമാനം സാധ്യതയും ഗര്‍ഭകാല ഹൈപ്പര്ടെന്ഷന് 28 ശതമാനം സാധ്യതയും പ്രീ എക്ലാംസിയയ്ക്ക് 40 ശതമാനം സാധ്യതയുമാണ് കണ്ടെത്തിയത്.
സ്ത്രീകളിൽ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ മൈഗ്രേന് വരാന്‍ പുരുഷന്മാരേക്കാള് സാധ്യത കൂടുതലാണ്. മിക്ക സ്ത്രീകളിലും 18 മുതല്‍ 44 വയസ്സിനിടെയാണ് മൈഗ്രേന് പ്രബലമാകാറുള്ളത്.