വിലക്കയറ്റമല്ല, വില കുറയുന്നതിന്റെ ലക്ഷണങ്ങൾ: ഏപ്രിലിൽ മലയാളികൾക്ക് കൂടുതൽ ആശ്വസിക്കാൻ വഴികളേറെ
കൊല്ലം: മുളക് സീസൺ ആരംഭിച്ചതോടെ വിപണിയിൽ വില കുത്തനെ ഇടിഞ്ഞു. വരും ദിവസങ്ങളിൽ വിവിധയിനം മുളകിന്റെ വില വീണ്ടും ഇടിയുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
ഗുണ്ടൂർ പാണ്ടി മുളകിന്റെ വില 320ൽ നിന്നും 260 ആയി ഇടിഞ്ഞു. ആന്ധ്ര പിരിയന്റേത് 400ൽ നിന്നും 280 ആയും കാശ്മീരി പിരിയന്റേത് 600ൽ നിന്നും 490 ആയും താഴ്ന്നു. മല്ലി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 120ൽ നിന്ന് നൂറായാണ് കുറഞ്ഞത്. കൊച്ചുള്ളി വില 80ൽ നിന്നും 50 ലേക്കും സവാള വില 30ൽ നിന്ന് 23ലേക്കും താഴ്ന്നു.
ഇനം, വില നേരത്തെ, ഇപ്പോൾ
പാണ്ടി മുളക്- 320, 260
ആന്ധ്ര പിരിയൻ- 400, 280
കാശ്മീരി പിരിയൻ- 600, 490
മല്ലി- 120, 100
കൊച്ചുള്ളി- 80, 50
സവാള- 30, 23
ഗോദാവരി ജയ വില ഏപ്രിലിൽ താഴും
ആന്ധ്രയിലെ ഗോദാവരി ജില്ലയിൽ നിന്നുള്ള ജയ അരിയുടെ വില താഴാൻ ഏപ്രിൽ മാസം വരെ കാക്കണം. അപ്പോഴേ പുതിയ സീസൺ ആരംഭിക്കുകയുള്ളു. ഗോദാവരി ജയയ്ക്ക് ഇപ്പോൾ 54 മുതൽ 60 വരെയാണ് ചില്ലറ വില. അതേ സമയം ഒറീസയിൽ നിന്നുള്ള നെല്ല് ആന്ധ്രയിലെത്തിച്ച് സംസ്കരിച്ച് ജയ അരിയെന്ന പേരിൽ 46 രൂപയ്ക്ക് വിൽക്കുന്നുണ്ട്. എന്നാൽ ഇതേ അരി ഒറീസയിൽ നിന്ന് 40 രൂപയ്ക്ക് എത്തുന്നുണ്ട്.