ജോലിക്കാരി പലതവണ വിളിച്ചിട്ടും വാതിൽതുറന്നില്ല, പൊലീസെത്തി തുറന്നപ്പോൾ കണ്ടത് വാണി ജയറാം നിലത്തുകിടക്കുന്നത്;
ചെന്നൈ: വിഖ്യാത പിന്നണി ഗായിക വാണി ജയറാമിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ ഇന്ന് ഉച്ചയോടെ നിലത്തുവീണ നിലയിലായിരുന്നു വാണി ജയറാമിനെ കണ്ടെത്തിയത്. നെറ്റിയിൽ പൊട്ടലുണ്ടായിരുന്നു.ഭർത്താവിന്റെ മരണശേഷം മൂന്നുവർഷമായി വാണി ജയറാം ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുജോലിക്കാരിയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ബന്ധുക്കളെയും അയൽവാസികളെയും വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ നിലത്തുവീണ നിലയിലായിരുന്നു വാണി. കട്ടിലിന് സമീപത്തുണ്ടായിരുന്ന ടീപ്പോയിൽ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചെന്നൈയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച വാണി ജയറാമിന് റിപ്പബ്ളിക് ദിനത്തിൽ പത്മഭൂഷൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുരസ്കാരം സ്വീകരിക്കുന്നതിന് മുൻപേ ഗായിക സംഗീതലോകത്തോട് വിട പറയുകയായിരുന്നു.