വാണി ജയറാമിന് വിട, അന്ത്യം ചെന്നൈയിലെ വസതിയിൽ
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നുച്ചയോടെ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. സംഗീതലോകത്ത് അൻപത് വർഷം തികഞ്ഞ വേളയിലാണ് വിയോഗം. കഴിഞ്ഞയാഴ്ചയാണ് പത്മ പുരസ്കാരം ലഭിച്ചത്.1945ൽ തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം ബോളിവുഡിലൂടെയാണ് സംഗീതലോകത്തേയ്ക്ക് ചുവടുവച്ചത്. കലൈവാണി എന്നാണ് യഥാർത്ഥ പേര്. 1971ലെ ഹിന്ദി ചിത്രമായ ഗുഡ്ഡിയിലൂടെയാണ് ശ്രദ്ധനേടിത്തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 18 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ വാണി ജയറാമിന് പ്രഖ്യാപിച്ചിരുന്നു. ഇത് സ്വീകരിക്കുമുന്നേയാണ് ആകസ്മികമായ അന്ത്യം.