ഫെയർനെസ് ക്രീം ഉപയോഗിച്ച് മുഖം വെളുത്തു, നാലുമാസങ്ങൾക്കകം വൃക്ക തകരാറിൽ; പരിശോധിച്ച ഡോക്ടർമാർ ഞെട്ടി
മുംബയ്: 20കാരിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും വൃക്ക രോഗമുണ്ടായത് ഫെയർനെസ് ക്രീം ഉപയോഗിച്ചിട്ടെന്ന് ഡോക്ടർമാർ. മുംബയിലാണ് സംഭവം. മഹാരാഷ്ട്ര അകോലയിലെ ഒരു ബ്യൂട്ടീഷ്യനിൽ നിന്ന് വാങ്ങിയ പ്രാദേശികമായി തയ്യാറാക്കിയ ക്രീം ഉപയോഗിച്ച് മാസങ്ങൾക്കുശേഷമാണ് ബയോടെക് വിദ്യാർത്ഥിനിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും വൃക്കരോഗം കണ്ടെത്തിയത്.കഴിഞ്ഞവർഷമാണ് യുവതി ഫെയർനെസ് ക്രീം വാങ്ങി ഉപയോഗിച്ചത്. പിന്നാലെ യുവതിയുടെ മുഖത്ത് മാറ്റങ്ങൾ ഉണ്ടാവുകയും കൂടുതൽ നിറവും ഭംഗിയും വന്നതായി ആളുകൾ അഭിപ്രായം പറയുകയും ചെയ്തു. തുടർന്ന് യുവതിയുടെ അമ്മയും സഹോദരിയും ക്രീം ഉപയോഗിക്കാൻ തുടങ്ങി. നാലുമാസങ്ങൾക്ക് ശേഷമാണ് വൃക്കയിലെ ചെറിയ ഫിൽറ്ററുകൾ തകരാറിലാകുന്ന അവസ്ഥയായ ഗ്ളോമെറുലോനെഫ്രൈറ്റിസ് ഇവരിൽ കണ്ടെത്തുന്നത്.പരേലിലെ കെ ഇ എം ആശുപത്രിയിലെ നെഫ്രോളജി വിഭാഗം തലവൻ ഡോ തുക്കാറാം ജമാലെ, വിദ്യാർത്ഥിയായ ഡോ അമാർ സുൽത്താൻ എന്നിവരാണ് വൃക്ക രോഗത്തിന് കാരണമായത് യുവതി ഉപയോഗിച്ച ക്രീം ആണെന്ന് കണ്ടെത്തിയത്. കെ ഇ എം ആയുർവേദ ലാബിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ മെർക്കുറിയുടെ അളവ് വളരെയധികം കൂടുതലാണെന്ന് തെളിഞ്ഞു. ഒരു പിപിഎം ആണ് മെർക്കുറിയുടെ അനുവദനീയമായ അളവെന്നിരിക്കെ 1000 പിപിഎം മെർക്കുറിയാണ് ക്രീമിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥിയുടെ രക്തത്തിൽ മെർക്കുറിയുടെ അളവ് 46 ആയിരുന്നു. മനുഷ്യശരീരത്തിൽ ഉണ്ടാകേണ്ട മെർക്കുറിയുടെ സാധാരണ അളവ് ഏഴിൽ താഴെയാണ്. ക്രീമിലടങ്ങിയിരുന്ന മെർക്കുറിയാണ് നിറം വർദ്ധിക്കാൻ കാരണമായതെന്ന് ഡോക്ടമാർ പറയുന്നു. അമ്മയും സഹോദരിയും രോഗത്തിൽ നിന്ന് മുക്തി നേടിയെങ്കിലും വിദ്യാർത്ഥിനി ചികിത്സയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.