എലിവിഷം കഴിച്ച് ഏഴംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി മരിച്ചു, മൂന്ന് കുട്ടികളടക്കം ഗുരുതരാവസ്ഥയിൽ
ബംഗളൂരു: കടബാദ്ധ്യതയെത്തുടർന്ന് ഏഴംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടകയിലെ രാമനഗര ജില്ലയിൽ ദോദമന്നുഗുഡെ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. 31കാരനും ഭാര്യയും മൂന്ന് മക്കളും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം ഭക്ഷണത്തിൽ വിഷം ചേർത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ബംഗളൂരുവിലെ സുബ്ബരായപ്പനപല്യയിലാണ് യുവാവും കുടുംബവും താമസിച്ചിരുന്നത്. കൂലിത്തൊഴിലാളിയായ ഇയാൾക്ക് 11 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടായിരുന്നു. കടക്കാരുടെ വേട്ടയാടൽ സഹിക്കാനാകാതെ വന്നതോടെ യുവാവും കുടുംബവും ദോദമന്നുഗുഡെയിലെ ബന്ധുവീട്ടിലേയ്ക്ക് താമസം മാറി.ഇവിടെയും പണം ചോദിച്ച് ആളുകൾ എത്തിയതോടെയാണ് യുവാവ് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഉച്ചഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ എല്ലാവരും ഭക്ഷണം കഴിച്ചു. വിഷം ഉള്ളിൽച്ചെന്ന് യുവാവിന്റെ ഭാര്യ ഉടൻ തന്നെ മരിച്ചു. പിന്നാലെ ബാക്കിയുള്ളവരും അവശനിലയിലായി. സംഭവമറിഞ്ഞെത്തിയ അയൽക്കാർ ഉടൻതന്നെ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.