ഭാര്യയെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി, മുകളിൽ പച്ചക്കറി നട്ടു; യുവാവ് അറസ്റ്റിൽ
ഗാസിയാബാദ്: ഭാര്യയെ കൊന്ന് മൃതദേഹം വയലിൽ കുഴിച്ചിട്ട ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉപ്പ് വിതറിയതിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ശേഷം അതിന് മുകളിൽ ഇയാൾ പച്ചക്കറി കൃഷി ചെയ്തു.ഇക്കഴിഞ്ഞ ജനുവരി 25നാണ് സംഭവം നടന്നത്. പച്ചക്കറി വ്യാപാരിയായ ദിനേശ് കുടുംബ പ്രശ്നത്തിന്റെ പേരിലാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷമാണ് സംസ്കരിച്ചത്. പെട്ടെന്ന് അഴുകാൻ വേണ്ടി മൃതദേഹത്തിൽ 30 കിലോ ഉപ്പ് പുരട്ടിയിരുന്നു. ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ അവിടെ പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു.കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യയെ കാണാനില്ലെന്ന് ദിനേശ് പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ദിനേശന്റെ സംസാരത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പിന്നീട് യുവതിയുടെ മൃതദേഹം കൃഷിയിടത്തിൽ നിന്നും കണ്ടെത്തുകയും ചെയ്തു.