കാറിലെ കുപ്പിയിൽ ഉണ്ടായിരുന്നത് വെള്ളം; പെട്രോളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ്, തീപിടിത്തത്തിന് കാരണം ഈ പ്രശ്നമെന്ന് നിഗമനം
കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ച സംഭവത്തിലെ അപകടകരണമായത് കുപ്പിയിൽ നിറച്ചുവച്ച പെട്രോളാണെന്ന പ്രാചരണം തള്ളി കുടുംബവും മോട്ടോർവാഹനവകുപ്പ് അധികൃതരും. കാറിന്റെ ഡ്രെെവിംഗ് സീറ്റിനടിയിൽ നിന്ന് കുപ്പി ലഭിച്ചിരുന്നു ഇത് പെട്രോൾ ആണെന്ന രീതിയിൽ ഇന്നലെ പ്രചരിച്ചിരുന്നു. എന്നാൽ ഈ കുപ്പികളിൽ പെട്രോൾ ആയിരുന്നുവെങ്കിൽ കാർ പൂർണമായും കാത്തി നശിക്കുമായിരുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാറിനകത്ത് മൂന്നു കുപ്പിവെള്ളം ഉണ്ടായിരുന്നതായി അപകടത്തിൽ മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ പറഞ്ഞു.രാസപരിശോധനാ നിഗമനങ്ങൾ വരുന്നതിനു മുൻപ് ഇത്തരം നിഗമനങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിയറിംഗിന്റെ അടിഭാഗത്ത് ഷോർട്ട് സർക്യൂട്ടിൽ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടിക്കാനിടയായതെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യാേഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.റിവേഴ്സ് ക്യാമറയും ഇതിന്റെ ഭാഗമായ ഇൻഫോടെയ്മെന്റ് സിസ്റ്റവും പുതുതായി കാറിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ വയറിംഗിൽ നിന്നാകാം ഷോർട്ട് സർക്യൂട്ടുണ്ടായതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്.പ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. കണ്ണൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപമാണ് കാർ കത്തിയത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാല് പേരെ രക്ഷിച്ചിരുന്നു. മുൻസീറ്റിൽ ഇരുന്ന പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.