ആഴ്ചയിൽ പത്തെണ്ണം വീതം ഒരു വർഷത്തേക്ക്, വാലന്റൈൻ അടിച്ച് പൊളിക്കാൻ 95 ദശലക്ഷം സൗജന്യ കോണ്ടം വാരിവിതറി ഈ ഏഷ്യൻ രാജ്യം
ബാങ്കോക്ക് : സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി 95 ദശലക്ഷം കോണ്ടം സൗജന്യമായി യുവതീയുവാക്കൾക്ക് നൽകാൻ തീരുമാനിച്ച് തായ്ലന്റ്. വാലന്റൈൻസ് ദിനത്തിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം. കൗമാര ഗർഭധാരണം തടയുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം ഒന്നാം തീയതി മുതൽ ഒരു വർഷത്തേക്ക് ആഴ്ചയിൽ 10 കോണ്ടം വീതം ലഭിക്കുമെന്ന് തായ് സർക്കാർ വക്താവ് പറഞ്ഞു.സിഫിലിസ്, എയ്ഡ്സ്, സെർവിക്കൽ ക്യാൻസർ, ഗൊണോറിയ, ക്ലമീഡിയ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ നടത്തുന്നത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനാണ് രാജ്യത്തുടനീളമുള്ള ഫാർമസികളിലൂടെയും ആശുപത്രികളിലൂടെയും പദ്ധതി നടപ്പിലാക്കുന്നത്. തായ്ലന്റിൽ ലൈംഗികമായി പകരുന്ന രോഗങ്ങളിൽ പകുതിയിലധികവും സിഫിലിസും ഗൊണോറിയയും ആയിരുന്നു.