ഭൂമിയുടെ ന്യായവില കൂട്ടി; വർദ്ധനവ് ഇരുപത് ശതമാനമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് 2010ലാണ് ഭൂമിയുടെ ന്യായവില നിലവിൽ വന്നത്. അതിനുശേഷം അഞ്ചുതവണ പുതുക്കി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുവാൻ വേണ്ടി നിലവിലുള്ള ന്യായവില കൂട്ടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ കാരണങ്ങളാൽ വിപണി മൂല്യം വർദ്ധിച്ച പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിനായി 2020 ഫിനാൻസ് ആക്റ്റിലൂടെ നിയമ നിർമാണം നടപ്പിലാക്കിയ സാഹചര്യത്തിൽ, അത് പ്രകാരം വർദ്ധനവ് വരുത്തേണ്ട മേഖലകളെ നിർണയിക്കുന്നതിനായി വിശദപഠനം നടത്തി മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഒരു ആധാരം രജിസ്റ്റർ ചെയ്തതിന് ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധിക മുദ്രവില നിരക്കുകൾ ഒഴിവാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ഗഹാനുകളും ഗഹാൻ ഒഴിവുകളും ഫയൽ ചെയ്യുന്നതിന് നൂറ് രൂപ നിരക്കിൽ സർവീസ് ചാർജ് ഏർപ്പെടുത്തും. ജോയിന്റ് ഡവലപ്മെന്റ് ചെയ്യുന്നതിനായി പ്രത്യേകം അധികാരപ്പെടുത്തുന്ന മുക്ത്യാറുകളുടെ മുദ്രവില പരമാവധി ഒരു ലക്ഷം രൂപയായി നിജപ്പെടുത്തും.സറണ്ടർ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയായി കുറയ്ക്കും. പട്ടയ ഭൂമിയിന്മേൽ ഈടാക്കുന്ന വാർഷിക അടിസ്ഥാന ഭൂനികുതി, വാണിജ്യ, വ്യവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഷ്കരിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒന്നിലധികം വീടുകളുള്ളവർക്കും പ്രത്യേക നികുതി ഏർപ്പെടുത്തും.