ഇടിച്ച ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചു; കാർ ഉടമ അറസ്റ്റിൽ,
ന്യൂഡൽഹി: ഇടിച്ച ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച കാർ ഉടമ അറസ്റ്റിൽ. ഡൽഹിയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഗുരുഗ്രാമിലെ സെക്ടർ 65 വഴിയരികിൽ നിർത്തിയിരിക്കുകയായിരുന്ന ബെെക്കിൽ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിനടിയിൽ കുടുങ്ങിയ ബെെക്കുമായി മൂന്ന് കിലോമീറ്ററോളം പ്രതി സഞ്ചരിച്ചു.ഒരു ഹോണ്ട സിറ്റി കാർ ബെെക്ക് വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് കാർ ഡ്രെെവറെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ മോനു എന്നയാളുടെ ബെെക്കാണ് കാറിൽ കുടുങ്ങിയത്. ജോലി കഴിഞ്ഞ് തിരിച്ചു പോകുംവഴി, വഴിയരികിൽ വണ്ടി നിർത്തി അടുത്ത് നിൽക്കുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മോനു പറഞ്ഞു. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാർ. ഇയാളെ കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു.റോഡിൽ തീപ്പൊരി ചിതറി ബെെക്ക് വലിച്ചിഴച്ച് പോയ കാർ നിർത്താൻ മറ്റുള്ളവർ ശ്രമിച്ചെങ്കിലും കാർ ഡ്രെെവർ വണ്ടി നിർത്തിയില്ല. കാറിനടിയിൽ കുടുങ്ങിയിരുന്ന ബെെക്ക് റോഡിലേയ്ക്ക് തെറിച്ച് വീണതോടെ കാർ ഉപേക്ഷിച്ച് ഡ്രെെവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുകയായിരുന്നു.