പങ്കാളിയുമായി വഴക്ക്, അക്രമം, ഇടയിൽ ‘പെറ്റാ’യ പെരുമ്പാമ്പിന്റെ തല കടിച്ചുപറിച്ച് യുവാവ്
പാമ്പ് ആളുകളെ കടിക്കുന്നതിനെ കുറിച്ച് നാം പണ്ടേ കേൾക്കുന്നതാണ്. എന്നാൽ, ഇപ്പോൽ ദേഷ്യം വന്ന് തങ്ങളെ കടിച്ച പാമ്പിനെ തിരിച്ച് കടിക്കുന്ന ചില മനുഷ്യരുണ്ട്. അതേ കുറിച്ചുള്ള അപൂർവം ചില വാർത്തകളും നാം കേൾക്കാറുണ്ട്. അതുപോലെ ഒരു സംഭവം യുഎസ്സിലെ ഫ്ലോറിഡയിലും സംഭവിച്ചു. വീട്ടിലുള്ള സ്ത്രീയുമായി വഴക്കുണ്ടാക്കുകയായിരുന്ന യുവാവ് അതിനിടയിൽ ദേഷ്യം വന്ന് വീട്ടിലെ പെറ്റ് ആയി വളർത്തുന്ന പെരുമ്പാമ്പിന്റെ തലയിൽ കടിക്കുകയായിരുന്നു.
ഏതായാലും ഈ യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമം അടക്കം ഇയാളുടെ മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് പറയുന്നത് അനുസരിച്ച് തിങ്കളാഴ്ച രാവിലെ 5.20 -നാണ് സംഭവം നടന്നത്. മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു അപാർട്മെന്റ് കോംപ്ലക്സിൽ ഒരു വീട്ടിൽ എന്തോ വഴക്ക് നടക്കുന്നുണ്ട് എന്നായിരുന്നു റിപ്പോർട്ട്.
പൊലീസ് എത്തിയപ്പോൾ വീട്ടിൽ ഒരു യുവാവും യുവതിയും പരസ്പരം ചീത്ത വിളിക്കുന്നതാണ് കേട്ടത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഒരു സ്ത്രീ കരയുന്നതും കേട്ടു. വാതിൽ ചവിട്ടി തുറക്കൂ എന്നും യുവതി പറഞ്ഞു. അകത്ത് കടന്ന പൊലീസ് അവിടമാകെ തെരച്ചിൽ നടത്തി.
പൊലീസ് വീട്ടിൽ കയറുമ്പോൾ, കെവിൻ ജസ്റ്റിൻ മയോർഗ എന്ന മുപ്പത്തിരണ്ടുകാരൻ മുറിയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. അതുപോലെ സ്ത്രീയെ അവരുടെ അനുമതിയില്ലാതെ ഒരു മുറിയിൽ പൂട്ടിയിടാനും അയാൾ ശ്രമിച്ചു. പൊലീസ് അയാളോട് കൈ ഉയർത്താൻ പറഞ്ഞു. എന്നാൽ മയോർഗ അത് കേട്ടില്ല. പൊലീസ് അയാൾക്ക് നേരെ വൈദ്യുത തോക്ക് ഉപയോഗിച്ചു എങ്കിലും അതിനും അയാളെ കീഴടക്കാനായില്ല.
അയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെയും അയാൾ അക്രമിച്ചു. ഒരു പൊലീസുകാരന്റെ കണ്ണിനിട്ട് ഇടിച്ചു. ഒടുവിൽ ഒരു വിധത്തിൽ പൊലീസ് ഇയാളെ കീഴടക്കി. തന്റെ പെറ്റ് ആയ പെരുമ്പാമ്പിന്റെ തല അയാൾ കടിച്ചുപറിച്ചു എന്നും യുവതിയാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് പൊലീസ് പാമ്പിനെ കണ്ടെത്തി. അതിന്റെ തല ഇയാൾ കടിച്ച് പറിച്ചു കളഞ്ഞിരുന്നു.
ഏതായാലും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമവും അടക്കം കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.