19 വയസ്സുകാരിയെ ലഹരി മരുന്ന് നൽകി പീഡനത്തിനിരയാക്കിയ കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
കാസർകോട് ∙ 19 വയസ്സുകാരിയെ ലഹരി മരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ട പീഡനത്തിനിരയാക്കിയ കേസിൽ ഒരാളെ കൂടി ജില്ലാ ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. വിദ്യാനഗർ കല്ലക്കട്ട ഹൗസിൽ ടി.എം.മുഹമ്മദ് സാലിമി(26)നെയാണ് ഡിവൈഎസ്പി കെ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇതിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച 2 സ്ത്രീകളും ഉൾപ്പെടും. ഇനിയും കേസിൽ പ്രതികളെ പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
അറസ്റ്റിലായ സാലിം കവർച്ച കേസിലും പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണു പെൺകുട്ടിയുടെ പരാതി.തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്ന് കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു. പീഡന പരമ്പരയുമായി ബന്ധപ്പെട്ട് ആറിലേറെ കേസുകളാണ് വനിത സ്റ്റേഷനിൽ എടുത്തിരുന്നത്. ഇൻസ്പെക്ടർ പി.ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ ചിലരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.