അക്കൗണ്ടില്ലാത്ത കൃഷ്ണന്റെ പേരിൽ ബാങ്കിൽ 9.46 ലക്ഷം രൂപയുടെ ഇടപാട്; പിൻവലിക്കാൻ ചെന്നപ്പോൾ കുഴഞ്ഞ് ബാങ്ക്
കാസർകോട് ∙ അക്കൗണ്ടില്ലാത്ത കൃഷ്ണന്റെ പേരിൽ ബാങ്കിൽ 9.46 ലക്ഷം രൂപയുടെ ഇടപാട്.പണം പിൻവലിക്കാൻ കൃഷ്ണൻ ബാങ്കിലെത്തിയതോടെ കുഴഞ്ഞ് ബാങ്ക് അധികൃതർ. റിട്ട.എസ്ഐ കരിവെള്ളൂർ സ്വദേശി തെക്കടവൻ കൃഷ്ണന് കേരള ബാങ്കിൽ നിന്നു വന്ന മൊബൈൽ സന്ദേശമാണ് ബാങ്കിനെയും കൃഷ്ണനെയും വലച്ചത്. കേരള ബാങ്കിൽ കൃഷ്ണന് അക്കൗണ്ടില്ല.
എന്നാൽ കേരള ബാങ്കിലെ വ്യത്യസ്ത നമ്പറുള്ള അക്കൗണ്ടുകളിൽ നിന്നു പണം ട്രാൻസ്ഫർ ചെയ്തതായിട്ടാണ് 4 ദിവസങ്ങളിലായിട്ടാണ് കൃഷ്ണനു മൊബൈലിൽ സന്ദേശം വന്നത്.2022 സെപ്റ്റംബർ 27നു ലഭിച്ച സന്ദേശത്തിൽ 3 ലക്ഷം രൂപയും ഡിസംബർ 26, ജനുവരി 19, ജനുവരി 20 ദിവസങ്ങളിൽ 2.18 ലക്ഷം രൂപ വീതവും ട്രാൻസ്ഫർ ചെയ്തതായായിരുന്നു സന്ദേശം. എന്നാൽ ഏത് അക്കൗണ്ട് നമ്പറുകളിലേക്കാണ് ഈ പണം ട്രാൻസ്ഫർ ചെയ്തതെന്ന വിവരം ഉണ്ടായിരുന്നില്ല.
കൃഷ്ണന്റെ പേരിൽ 16 അക്കൗണ്ടുകൾ!
താൻ അറിയാത്ത അക്കൗണ്ടിൽ നിന്നു പണം ട്രാൻസ്ഫർ ചെയ്തതായുളള സന്ദേശം കണ്ട് സത്യാവസ്ഥ അറിയാൻ കേരള ബാങ്കിന്റെ വിവിധ ശാഖകളിൽ ബന്ധപ്പെട്ടപ്പോൾ കാസർകോട് ജില്ലയിൽ വിവിധ ശാഖകളിലായി തന്റെ വിലാസത്തിൽ 16 അക്കൗണ്ടുകളുള്ളതായി സൂചന ലഭിച്ചെന്ന് കൃഷ്ണൻ പറയുന്നു.കാഞ്ഞങ്ങാട് അലാമിപ്പള്ളി, വെള്ളരിക്കുണ്ട്, രാജപുരം, ബദിയഡുക്ക, ചുള്ളിക്കര, കാസർകോട് തുടങ്ങിയ ഇടങ്ങളിലാണ് ഇതെന്നും ഇദ്ദേഹം പറയുന്നു.
കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ബാങ്കിൽ 178012323000017 നമ്പർ രേഖപ്പെടുത്തിയ വിലാസം തന്റേതാണെന്നറിഞ്ഞ് കൃഷ്ണൻ അവിടെ ചെന്ന് ഈ നമ്പറിൽ നിന്നു പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധിച്ചപ്പോൾ ആ അക്കൗണ്ട് നമ്പറിലെ പേരും വിലാസവും കൃഷ്ണന്റേതു തന്നെ. 2.18 രൂപ വരവ് തുക ഉണ്ട്. ആ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് സബ്സിഡി ലിങ്ക് അക്കൗണ്ടാണെന്നും തരാനാവില്ലെന്നുമായി ബാങ്ക് അധികൃതർ.
പിന്നാലെ മാനേജരുമായി സംസാരിച്ചപ്പോൾ ബാങ്കിൽ നിന്നു വായ്പയെടുത്തിട്ടുണ്ടോ എന്നായി ചോദ്യം. ഇല്ലെന്ന് കൃഷ്ണൻ മറുപടി നൽകി. ഈ ബാങ്കിൽ തന്റെ പേരിൽ ഈ നമ്പറിൽ എങ്ങനെ വായ്പ ഇടപാട് വന്നുവെന്ന ചോദ്യത്തിന് സബ്സിഡി ലിങ്ക് അക്കൗണ്ട് ബന്ധപ്പെട്ടു പ്രശ്നമാണെന്നായി മറുപടി.പിന്നാലെ വിജിലൻസ് ഡിവൈഎസ്പി അന്വേഷിച്ചപ്പോൾ കൃഷ്ണന്റെ പേര് ഇല്ല.
പകരം മറ്റൊരാളുടെ പേര്.എന്നാൽ വിലാസം കൃഷ്ണന്റേത് തന്നെ. ഈ പേരുകാരൻ സർക്കാരിന്റെ പ്രവാസി വ്യവസായ സംരംഭക സഹായ വായ്പയെടുത്തു പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന് ബാങ്ക് മാനേജർ പറഞ്ഞു.8 ലക്ഷം രൂപ വായ്പയെടുത്ത ഇയാൾക്ക് 2 ലക്ഷം രൂപയാണ് സബ്സിഡി സഹായം.
ബാങ്ക് അധികൃതർ പറയുന്നത്
കസ്റ്റമർ ഐഡി ലിങ്ക് അക്കൗണ്ടുകളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെന്നും അതെല്ലാം പരിഹരിക്കുന്നുണ്ടെന്നുമാണ് കേരള ബാങ്ക് വൃത്തങ്ങൾ പറയുന്നത്. കൃഷ്ണന്റെ പരാതിയിൽ കാസർകോട് ബാങ്കിലെ പഴയ അക്കൗണ്ട് നമ്പർ ലിങ്കിൽ നിന്ന് ബ്ലോക്ക് ചെയ്തതായി ബാങ്ക് അധികൃതർ പറഞ്ഞു.
എന്നാൽ ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്നു പണം ട്രാൻസ്ഫർ ചെയ്തുവെന്ന സന്ദേശവും തന്റെ വിലാസത്തിൽ വ്യാജ അക്കൗണ്ടുകൾ എങ്ങനെ വന്നുവെന്നതും സംബന്ധിച്ച് വിജിലൻസിനു പരാതി നൽകുമെന്ന് കൃഷ്ണൻ പറയുന്നു. സർക്കാരിന്റെ വിവിധ ധനസഹായ പദ്ധതികളിലെ സബ്സിഡി തുക തട്ടാൻ നടത്തുന്ന ശ്രമമാണോ ഇതിനു പിന്നിലെന്ന സംശയമാണ് കൃഷ്ണൻ ഉന്നയിക്കുന്നത്.