ഇരട്ടപ്പേര് വിളിച്ചത് സഹിച്ചില്ല, ജാഫർ അയൽവാസിയെയും ഭാര്യയെയും ആക്രമിച്ചത് അതിക്രൂരമായി
കൊല്ലം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പൊലീസിന്റെ പിടിയിൽ. കിഴവൂർ അജീന മൻസിലിൽ ജാഫറാണ് (43) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വീടിന് സമീപം താമസിക്കുന്ന യുവാവ് ഇയാളെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കാൻ ശ്രമിച്ചതാണ് പ്രകോപിപ്പിച്ചത്.കഴിഞ്ഞമാസം 29ന് രാത്രിയാണ് സംഭവം. പ്രകോപിതനായ പ്രതി യുവാവിന്റെ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി യുവാവിനെ മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച ഭാര്യയെ ഇയാൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ.റിനോസ്, സി.പി.ഒമാരായ സന്തോഷ് ലാൽ, ചന്തു, ഷമീർ, ദിൽഷൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.