കോടതിയിൽ ബഹളം വച്ച സ്ത്രീയെ കസ്റ്റഡിയിലെടുത്തു; പിന്നാലെ വനിതാ എസ് ഐയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു
തൃശൂർ: കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ വനിതാ എസ് ഐ ഗിതുമോൾ, എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേയ്ക്കാണ് സൗദാമിനി മുളകുപൊടി ഇട്ടത്.തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് ഇവർ ഉദ്യോഗസ്ഥർക്കു നേരെ മുളക് പൊടി എറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് വിവരം.