കേന്ദ്ര ബഡ്ജറ്റ്; സ്വർണവും വെള്ളിയും ഇനി തൊട്ടാൽ പൊള്ളും, തുണിക്കും വിലകൂടും
ന്യൂഡൽഹി: ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടിയായി 2023ലെ യൂണിയൻ ബഡ്ജറ്റ്. സ്വർണം, വെള്ളി, വജ്രം എന്നിവയ്ക്ക് വില കൂടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബഡ്ജറ്റ് അവതരണത്തിൽ വ്യക്തമാക്കി. വസ്ത്രങ്ങൾക്കും വില വർദ്ധിക്കും.
ബഡ്ജറ്റ് ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചിരിക്കുകയാണ്. ഇന്ന് സ്വർണം പവന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് വില 42,200 രൂപയായി. കഴിഞ്ഞ ദിവസം 120 രൂപ സ്വർണത്തിന് സംസ്ഥാനത്ത് കുറഞ്ഞിരുന്നു. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപയാണ് ഉയർന്നത്. ഇതോടെ ഗ്രാം വില 5290 രൂപയായി വർദ്ധിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. ഒരു കാരറ്റ് (0.2 ഗ്രാം) ഡയമണ്ടിന് 65,000 രൂപയാണ് കേരളത്തിൽ വില.