കേന്ദ്ര ബഡ്ജറ്റ് : ഇലക്ട്രിക് വാഹനത്തിൽ പ്രതീക്ഷിച്ചത് സംഭവിച്ചു, ഈ സാധനങ്ങൾക്ക് വിലകുറയും
ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങൾ. ഇന്ത്യൻ പൗരൻമാർക്ക് ആശ്വാസമായി സൗജന്യ ഭക്ഷണപദ്ധതിയായ പി എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി നീട്ടാനുള്ള തീരുമാനമാണ് അതിലൊന്ന്. ഇതിനൊപ്പം നിരവധി വസ്തുക്കൾക്ക് വില കുറയും. രാജ്യത്ത് ഇലക്ട്രിക് വാഹനയുഗത്തിന് കുതിപ്പ് നൽകുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയ്ക്കും എന്ന പ്രഖ്യാപനവും ഏറെ ശ്രദ്ധേയമാണ്
ഇതിനൊപ്പം ടെലിവിഷൻ, മൊബൈൽ ഫോൺ, ക്യാമറ എന്നിവയ്ക്കും വില കുറയും. ടെലിവിഷൻ സെറ്റുകൾക്ക് വിലയിൽ രണ്ടര ശതമാനമാണ് കുറവുണ്ടാവുക. മൊബൈൽ ഫോൺ നിർമ്മിക്കുന്നതിനുള്ള ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. രാജ്യത്ത് മൊബൈൽ നിർമ്മാണത്തിൽ വർദ്ധനവുണ്ടാകാൻ ഇത് സഹായിക്കും. ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയിൽ എന്നിവയുടെ വില കുറയും. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചതും സാധനങ്ങളുടെ വിലകുറവിന് കാരണമാകും.
അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും. സമ്പദ്ഘടന ശക്തമാണ്. ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമാണിത്. രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ ദിശയിലാണ്. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റ്. ഏഴ് ഭാഗങ്ങളായാണ് ഇത്തവണ ബഡ്ജറ്റിനെ തരംതിരിച്ചിരിക്കുന്നത്. അമൃതകാലത്ത് സപ്തർഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും’ ധനമന്ത്രി പറഞ്ഞു
പ്രധാന പ്രഖ്യാപനങ്ങൾ:
1. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ
അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ്
സർക്കാർ വഹിക്കും.
2. പൗരന്മാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കൽ യുവാക്കൾക്ക് മുൻഗണന, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ , സാമ്പത്തിക വളർച്ചയും തൊഴിൽ വർദ്ധിപ്പിക്കൽ എന്നീ മൂന്ന് ഘടകങ്ങൾക്ക് ഊന്നൽ.
3. 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ 2,516 കോടി.
4. 11.7 കോടി ശൗചാലയങ്ങൾ നിർമിച്ചു.
5. 157 നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും.
6. 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്.
7. കാർഷിക വായ്പ 20 ലക്ഷം കോടി.