പൊലീസുകാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ആക്രമിക്കുന്ന ചെങ്കീരി ഷൈജു പിടിയിൽ, പൊക്കിയത് കടുത്ത ശത്രുവിന്റെ മടയിൽ നിന്ന്
കൊല്ലം: കുണ്ടറയിൽ കൊച്ചി ഇൻഫോപാർക്ക് പൊലീസിന് നേരെ വടിവാൾ വീശി കായലിൽ ചാടി രക്ഷപ്പെട്ട ഗുണ്ടാ സംഘത്തെ സാഹസികമായി കുണ്ടറ പൊലീസ് കീഴടക്കി. പ്രതികളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു
പേരയം കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (26), കരിക്കുഴി ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (27), ഇവരെ ഒളിവിൽ താമസിപ്പിച്ച കുമ്പളം പാവട്ടുമൂലയിൽ കുരിശടിക്ക് സമീപം ചെങ്കീരി ഷൈജു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്.
കഴിഞ്ഞ നാല് ദിവസമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് പാവട്ടുമൂലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘട്ടനത്തിനിടെ തടി കൊണ്ടുള്ള ആക്രമണത്തിൽ കുണ്ടറ സി.ഐ രതീഷ്, സി.പി.ഒമാരായ ഡാർവിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കാപ്പ കേസിൽ ജയിൽ മോചിതനായ ചെങ്കീരി ഷൈജുവിന്റെ വീട്ടിലായിരുന്നു പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്.
പൊലീസിനെ ആക്രമിച്ചതിന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടൂർ റെസ്റ്റ് ഹൗസ് മർദ്ദന കേസിൽ ഇൻഫോപാർക്ക് പൊലീസും അറസ്റ്റ് രേഖപ്പെടുത്തും. ഈ കേസിൽ 28ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് പ്രതികൾ വടിവാൾ വീശി പുഴയിൽ ചാടി രക്ഷപ്പെട്ടത്. പൊലീസ് സ്വയരക്ഷയ്ക്ക് നാല് റൗണ്ട് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
കേസിലെ മറ്റൊരു പ്രതിയായ ലിബിൻ ലോറൻസ് നേരത്തേ പിടിയിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും.