47 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ന്യൂകാസില്‍ യുണൈറ്റഡ് കാറബാവോ കപ്പ് ഫൈനലില്‍
ലണ്ടന്‍: 47 വര്‍ഷത്തിനുശേഷം ന്യൂകാസില്‍ യുണൈറ്റഡ് കാറബാവോ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് കപ്പെന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാറബാവോ കപ്പിന്റെ സെമിയില്‍ സതാംപ്ടണെ കീഴടക്കിയാണ് ന്യൂകാസില്‍ കലാശപ്പോരിന് യോഗ്യത നേടിയത്.
ഇരുപാദങ്ങളിലുമായി 3-1 നാണ് ന്യൂകാസിലിന്റെ വിജയം. രണ്ടാം പാദ മത്സരത്തില്‍ ന്യൂകാസില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. സീന്‍ ലോങ്സ്റ്റാഫിന്റെ ഇരട്ട ഗോളാണ് ന്യൂകാസിലിന് വിജയമൊരുക്കിയത്. സതാംപ്ടണ് വേണ്ടി ഷെ ആഡംസ് ആശ്വാസ ഗോള്‍ നേടി.
ഫൈനലില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡോ നോട്ടിങ്ങാം ഫോറസ്റ്റോ ആയിരിക്കും ന്യൂകാസിലിന്റെ എതിരാളി. രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ യുണൈറ്റഡ് ഇന്ന് രാത്രി നോട്ടിങ്ങമിനെ നേരിടും. ആദ്യപാദ മത്സരത്തില്‍ ടീം 3-0 ന് വിജയം നേടിയിരുന്നു.