ലക്നൗ: സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരിൽ പൊലീസ് വെടിവച്ച് കൊന്ന കൊലക്കേസ് പ്രതിയുടെ ഒരു വയസ്സുകാരി മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. സുഭാഷ് ബദ്ദാം എന്ന വ്യക്തിയാണ് മകളുടെ പിറന്നാൾ ആഘോഷത്തിനായി വിളിച്ചു വരുത്തിയ സ്ത്രീകളെയും കുട്ടികളെയും തോക്ക് ചൂണ്ടി ബന്ദികളാക്കിയത്. സംഭവത്തിൽ ക്ഷുഭിതരായ നാട്ടുകാർ ഇയാളുടെ ഭാര്യയെയും തല്ലിക്കൊന്നിരുന്നു. ഇതോടെ ഇവരുടെ ഒരു വയസ്സുള്ള പെൺകുഞ്ഞ് ഗൗരി അനാഥയായി. കാൺപൂർ മേഖലയിലെ ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ ആണ് കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്. വളരുമ്പോൾ അവളെയും ഒരു ഐപിഎസ് ഉദ്യോഗസ്ഥയാക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് നാടിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സുഭാഷ് ബദ്ദാം സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയത്. 6 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് തടവിലാക്കപ്പെട്ടത്. സംഭവം നടന്നയുടൻ സ്ഥലത്ത് യുപി ഭീകര വിരുദ്ധ സേന എത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പിന്നീട് പൊലീസിന്റെയും കമാൻഡോകളുടെയും നേതൃത്വത്തിൽ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇയാളെ വധിച്ച് ബന്ധികളെ മോചിപ്പിച്ചത്. പത്ത് മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പൊലീസിന് ഇയളെ കീഴടക്കാൻ സാധിച്ചത്.
ഗൗരിയുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് മോഹിത് അഗർവാൾ അറിയിച്ചു. ”അവൾ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമപരമായ നടപടികൾക്ക് ശേഷമാണ് അവളെ ദത്തെടുക്കുന്നത്. അവളെ മികച്ച സ്കൂളിലയച്ച് പഠിപ്പിക്കണം.” മോഹിത് അഗർവാൾ പറഞ്ഞു. വനിതാ പോലീസിന്റെ പരിചരണത്തിൽ ആശുപത്രിയിൽ കഴിയുകയാണ് ഗൗരി ഇപ്പോൾ.