ഡല്‍ഹിയില്‍ നടുറോഡില്‍ ഫ്ലിപ്കാർട്ട് ജീവനക്കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: നടുറോഡിൽ യുവതി വെടിയേറ്റ് മരിച്ചു. ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ജീവനക്കാരിയായ ജ്യോതി (32) ആണ് മരിച്ചത്. ഡൽഹിയിലെ പശ്ചിംവിഹാറിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
ഫ്ലിപ്കാർട്ടിന്റെ കൊറിയർ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലും സ്കൂട്ടറിലുമെത്തിയ രണ്ട് പേരാണ് ജ്യോതിക്ക് നേരെ വെടിയുതിർത്തതെന്ന് ഭർത്താവ് ദീപക് പറഞ്ഞു.
ഡൽഹി ഡിസിപി ഹരേന്ദ്ര സിംഗ് സംഭവ സ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.