ബീഫ് കൈവശം വച്ചന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു, മൂന്ന് ബജ്രംഗദൾ പ്രവർത്തകർ ഒളിവിൽ
ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ബീഫ് കൈവശം വച്ചന്നാരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു. മുദിഗരെയ്ക്ക് സമീപം മുദ്രെമാനെയിലാണ് സംഭവം. ഗജിവുർ റഹ്മാൻ എന്ന ആസാം സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ബജ്രംഗദൾ പ്രവർത്തകർ യുവാവിനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്ത്, മധു എന്നിവരാണ് പ്രതികൾ. സംഭവത്തെത്തുടർന്ന് ഗജിവുറിന്റെ ഭാര്യയുടെ പരാതിയിന്മേൽ ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ബീഫ് വിൽക്കാൻ ശ്രമിച്ചതിന് ഗജിവുറിനെതിരെയും പൊലീസ് കേസെടുത്തു. ഗജീവുറിൽ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടിയിരുന്നു. ഇത് പരിശോധിക്കുന്നതിനായി എഫ് എസ് എൽ ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്
ഗജിവുറിനെ ബജ്രംഗദൾ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഇവർ ഗജിവുറിനെതിരെയും പരാതി നൽകി. പ്രതികൾ മൂന്നുപേരും ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
2020ലാണ് കർണാടകയിൽ കന്നുകാലി കശാപ്പുനിയമം പ്രാബല്യത്തിൽ വന്നത്. എല്ലാ പ്രായത്തിലുമുള്ള പശുക്കൾ, കാളകൾ, പതിമൂന്ന് വയസിന് താഴെയുള്ള എരുമകൾ എന്നിവയെ വാങ്ങുന്നതും വിൽക്കുന്നതും കശാപ്പു ചെയ്യുന്നതും കർശനമായി വിലക്കുന്നതാണ് നിയമം