കാരണം ആഡംബര ബൈക്കിന്റെ അമിതവേഗം; രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ എം.വി.ഡി
കോവളം-തിരുവല്ലം ബൈപ്പാസിലെ പാച്ചല്ലൂരില്‍ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്ത്രീയും ബൈക്കോടിച്ച യുവാവും മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ആര്.ടി.ഒ.യും എന്‍ഫോഴ്സ്മെന്റ് വിഭാഗവും അപകടസ്ഥലത്തെത്തി പരിശോധന നടത്തി. പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.
കോവളം-വാഴമുട്ടം ഭാഗത്തുനിന്ന് തിരുവല്ലം റൂട്ടിലേക്കു പോയ അരവിന്ദിന്റെ ബൈക്കിടിച്ചായിരുന്നു സന്ധ്യ മരിച്ചത്. ഈ ബൈക്കോടിച്ചിരുന്ന അരവിന്ദ് ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ടോടെ മരിച്ചു.
തിരുവനന്തപുരം ആര്.ടി.ഒ. എന്‍.തങ്കരാജ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിനോദ്, ശ്രീജിത്ത് എന്നിവരും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. കെ.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ബൈപ്പാസിലെ അപകടസ്ഥലം സന്ദര്‍ശിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സന്ധ്യ അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. അപകടത്തെ സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു.
പത്തുലക്ഷത്തിലേറെ വിലയുള്ള ആയിരം സി.സി.യുടെ സ്പോര്‍ട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കോവളം ബീച്ചിലെത്തി ഫോട്ടോയെടുത്ത ശേഷം തിരികെ വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം