സർക്കാരിന്റെ ഗോതമ്പിൽ മണ്ണും കോൺക്രീറ്റും കലർത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, മായം കലർത്തിയത് ഏഴു ലക്ഷം ക്വിന്റൽ ഗോതമ്പിൽ
ഭോപ്പാൽ: സർക്കാർ സംഭരിക്കുന്ന ഗോതമ്പിന്റെ ഭാരം കൂട്ടുന്നതിനായി മണ്ണും കോൺക്രീറ്റും കൂട്ടിക്കലർത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിലെ സാത്ന ജില്ലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗോതമ്പ് ചാക്കിന്റെ ഭാരം കൂട്ടുന്നതിനായാണ് ഇത്തരത്തിൽ മണ്ണും കോൺക്രീറ്റും കൊണ്ട് കൂട്ടിക്കലർത്തുന്നത്.
ബാന്ദ ഗ്രാമത്തിലുള്ള ഒരു സംഭരണ കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് വിവരം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏഴുലക്ഷം ക്വിന്റൽ ഗോതമ്പാണ് ഈ കേന്ദ്രത്തിൽ എത്തിച്ചതിന് ശേഷം മണ്ണും കോൺക്രീറ്റും കലർത്തിയത്. ഇത് ചാക്കുകളിലാക്കിയതിന് ശേഷം മറ്റു ജില്ലകളിലേയ്ക്ക് എത്തിക്കും. സംഭവം വിവാദമായതിന് പിന്നാലെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.