പഴയ പെന്‍ഷനിലേയ്ക്ക് മാറുന്നു; എന്‍പിഎസില്‍ ചേരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഇടിവ്
എന്‍പിഎസില്‍ ചേരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുത്തനെ ഇടിവ്. 2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 11 ശതമാനം കുറഞ്ഞ് നാല് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രില്‍-നവംബര്‍ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളിലെ 2,85,226 സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് എന്‍പിഎസില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3,21,255 പേരായിരുന്നു വരിക്കാരായത്. പല സംസ്ഥാനങ്ങളും പഴയ പെന്ഷന് പദ്ധതിയിലേയ്ക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.
2019 സാമ്പത്തിക വര്‍ഷത്തിനു ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. പുതിയ തൊഴിലവസരങ്ങളുണ്ടാകുന്നതിന്റെ അളവുകോലായി 2019 മുതലാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്‍പിഎസില്‍ ചേരുന്നുവരുടെ എണ്ണം പുറത്തുവിടാന്‍ തുടങ്ങിയത്.
പഴയ പെന്ഷന് പദ്ധതിയിലേയ്ക്ക് മാറാന്‍ ചില സംസ്ഥാനങ്ങള്‍ തീരുമാനമെടുത്തതാണ് പുതിയ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിക്കയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ അസിസ്റ്റന്റ് പ്രൊഫസറായ മുകേഷ് ആനന്ദ് പറയുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിക്കാരെ എടുക്കുന്നതിലെ കുറവും കാരണമാണ്.
രാജസ്ഥാന് പിന്നാലെ, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പഴയ പെന്ഷന് സ്കീമിലേയ്ക്ക് മാറാനാണ് തീരുമാനിച്ചിട്ടുള്ളത്. അധികാരത്തിലെത്തിയാല്‍ പഴയ പെന്ഷന് സ്കീമിലേയ്ക്ക് തിരിച്ചുവരുമെന്ന് കര്‍ണാടകയിലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
2004 ജനുവരി ഒന്നു മുതലാണ് സൈനികര്‍ ഒഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് ബാധകമാക്കിയത്. പുതിയതായി സര്‍വീസില്‍ ചേരുന്നവര്‍ക്ക് മിക്കവാറും സംസ്ഥാന സര്‍ക്കാരുകള്‍ എന്പിഎസാണ് സ്വീകരിച്ചിട്ടുള്ളത്. 2009ല്‍ കോര്‍പറേറ്റ് സെക്ടറുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിച്ചു.