ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം; തൃശ്ശൂർ സ്വദേശിയ്ക്കെതിരെ പരാതി
പത്തനംതിട്ട: ഓൺലൈൻ കൺസൾട്ടേഷനിടയിൽ ഡോക്ടറിന് നേരെ രോഗി നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. കോന്നി മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറിന് നേരെ മുഹമ്മദ് സുഹൈദ് എന്ന യുവാവ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു എന്നാണ് ആരോപണം. സംസ്ഥാന സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി ആപ്പ് വഴി പരിശോധന നടത്തവേയാണ് തൃശ്ശൂർ സ്വദേശി പരാതിപ്രകാരം പ്രവർത്തിച്ചത്.ഡോക്ടർ വീട്ടിലിരുന്ന പരിശോധന നടത്തവേയായിരുന്നു സംഭവമുണ്ടായത്. പരിശോധന തുടങ്ങിയ സമയത്ത് തന്നെ മുഖം വ്യക്തമാക്കാതെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. വിഷയത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആപ്പിൽ ലോഗിൻ ചെയ്യാനായി മൊബൈൽ നമ്പർ നൽകേണ്ടതായുണ്ട്. അതിനാൽ നമ്പറിന്റെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതി ആപ്പ് ഉപയോഗിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.അതേസമയം സമാനമായ രീതിയിൽ ഇ – സഞ്ജീവനി പോർട്ടലിൽ കയറി ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും, അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത തൃശൂർ മണലൂർ എട്ടാം വാർഡിൽ കെ.ആർ. സഞ്ജയെ (25) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രോഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടർമാരെയാണ് ഇയാൾ ശല്യപ്പെടുത്തിയിരുന്നത്.