പാകിസ്ഥാനിലെ പെഷവാറിൽ പള്ളിയിൽ ചാവേർ ആക്രമണം; 25 പേർ കൊല്ലപ്പെട്ടു, 120 പേർക്ക് ഗുരുതര പരിക്ക്
പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും 120പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. നമസ്കാരത്തിന് ശേഷം ഉച്ചയ്ക്ക് 1.40ഓടെയാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തിൽ പള്ളിയുടെ ഒരു വശം പൂർണമായും തകർന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രാർത്ഥനാസമയത്ത് പള്ളിയ്ക്കുള്ളിൽ പ്രവേശിച്ച ഒരാൾ ചാവേർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇവരിൽ 13പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.