അണുബാധയ്ക്ക് ചികിത്സയ്ക്കെത്തിയ യുവതിയുടെ വൃക്കകൾ ഡോക്ടർ മോഷ്ടിച്ചു; പിന്നാലെ ഭർത്താവ് ഒളിച്ചോടി
പട്ന: രണ്ട് വൃക്കകളും നഷ്ടമായ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചു. ബീഹാർ സ്വദേശിനിയായ സുനിതയെയാണ് ഭർത്താവ് ഉപേക്ഷിച്ച് പോയത്. മുസാഫർപൂരിലെ നഴ്സിംഗ് ഹോമിൽ ഗർഭാശയ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന സുനിത. ഓപ്പറേഷനിടെ സുനിതയുടെ വൃക്കകൾ മോഷ്ടിക്കപ്പെട്ടുകയായിരുന്നു. ദിവസകൂലിക്കാരിയായിരുന്ന സുനിത ആശുപത്രിയിൽ ആയതിനാൽ സ്വന്തം മക്കളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും ഭർത്താവ് അവരെ ഉപേക്ഷിച്ചെന്നും താൻ മരിച്ചാൽ കുട്ടികൾക്ക് ആരുണ്ടെന്നും സുനിത പറഞ്ഞു.ഗർഭാശയത്തിലെ അണുബാധയെ തുടർന്നാണ് സുനിത മുസാഫർപൂരിലെ നഴ്സിംഗ് ഹോമിൽ ചികിത്സ തേടിയത്. എന്നാൽ അവിടെ വച്ച് വ്യജ ഡോക്ടർ അവരുടെ വൃക്കകൾ മോഷ്ടിക്കുകയായിരുന്നു. പീന്നിട് സുനിത എസ്കെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. യുവതിയുടെ നില ഗുരുതരമാണ്. രണ്ടു ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്യണം. കിഡ്നി ദാനം ചെയ്യാൻ പലരും മുന്നോട്ടു വന്നെങ്കിലും അവരുടെ ശരീരവുമായി പൊരുത്തപ്പെടുന്ന വൃക്ക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കുറച്ച് ദിവസം മുൻപ് വരെ ഇവരുടെ ഭർത്താവ് അക്ലു റാമും സുനിതയുടെ കൂടെയുണ്ടായിരുന്നു. യുവതിയ്ക്ക് വൃക്ക ദാനം ചെയ്യാൻ ഭർത്താവ് തയ്യാറായിരുന്നു. പക്ഷേ ഭർത്താവിന്റെ വൃക്കയും സുനിതയ്ക്ക് പൊരുത്തപ്പെടുന്നില്ലായിരുന്നു. തുടർന്ന് ഭാര്യയുമായി വഴക്കുണ്ടാക്കുകയും മൂന്ന് കുട്ടികളെയും സുനിതയ്ക്കൊപ്പം ഉപേക്ഷിച്ച് ഇയാൾ ഒളിച്ചോടുകയായിരുന്നു. സുനിതയുടെ അമ്മയാണ് ഇപ്പോൾ ആശുപത്രിയിൽ അവരെ പരിചരിക്കുന്നത്.മുസാഫർപൂരിലെ ബരിയാർപൂർ ചൗക്കിന് സമീപമുള്ള ശുഭ്കാന്ത് ക്ലിനിക്കിലെ ഡോക്ടറാണെന്ന് നടിച്ചാണ് പവൻ എന്നയാളാണ് സുനിതയുടെ വൃക്കകൾ മോഷ്ടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.