സൗദി അറേബ്യയിലെ വാഹനാപകടം; ആറുമാസം പ്രായമുള്ള അർവയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുടുംബം ഉംറ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അർവയുടെ മൃതദേഹമാണ് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്കാരം നിർവഹിച്ച ശേഷം നസീം മഖ്ബറയിൽ ഖബറടക്കിയത്. റിയാദിൽനിന്ന് 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
റിയാദ്-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. അർവക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്മുന്നിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്നാൻ എന്നിവർക്ക് നിസാരപരിക്കാണ് ഏറ്റത്. പൊലീസും റെഡ്ക്രസൻറ് അതോറിറ്റിയും ചേർന്ന് ഉടൻ ഇവരെയെല്ലാം അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അർവ മരിച്ചത്. നജ്മുന്നിസയെ അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപടകനില തരണം ചെയ്തിട്ടുണ്ട്.