ഹാരിപോട്ടര്‍ സിനിമയിലെ സ്ഥലമാണോ?’ കശ്മീരിലെ ചിത്രങ്ങള്‍ കണ്ട് വിസ്മയിച്ച് സോഷ്യല്‍ മീഡിയ
ഏതൊരു സഞ്ചാരിയുടെയും സ്വപ്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് കശ്മീര്‍. ഏത് സമയത്ത് പോയാലും ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച് വെച്ച ഇന്ത്യയുടെ പറുദീസ. കശ്മീരിന്റെ സൗന്ദര്യം അതിന്റെ ഉന്നതിയില്‍ എത്തി നില്ക്കുന്ന സമയമാണിത്. മഞ്ഞില്‍ കുളിച്ച് ഹൃദയം നിറയ്ക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കശ്മീര്‍.
ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചകളിലൊന്നാണ് കശ്മീര്‍ താഴ്വര. ഗുല്‍മാര്‍ഗ്, ശ്രീനഗര്‍, പഹല്‍ഗാം, കുപ്വാര എന്നീ പ്രദേശങ്ങളില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിക്കും താഴെ പോവുകയുണ്ടായി. കുപ്വാരയിലാണ് കശ്മീരില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകളും ഗ്രാമങ്ങളുമെല്ലാം മഞ്ഞില്‍ മുങ്ങി നില്ക്കുന്ന കാഴ്ചകളാണ് ഇവിടെ.
നിലവില്‍ കശ്മീരില്‍ ഉള്ള വിനോദ സഞ്ചാരികള്‍ സ്വപ്ന തുല്യമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഡിസ്നി സിനിമയില്‍ സെറ്റില്‍ നിന്ന് ഇറങ്ങിവന്നത് പോലെയുള്ള പ്രതീതിയിലാണ് മഞ്ഞില്‍ മൂടി നില്ക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. പ്രദേശവാസികളും സഞ്ചാരികളും പങ്കുവെയ്ക്കുന്ന അതിമനോഹരമായ കശ്മീര്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
സ്വപ്നതുല്യമായ അനുഭവം, ഇതാണ് ഭൂമിയിലെ സ്വര്‍ഗം, ഹാരിപോട്ടര്‍ സിനിമയിലെ സ്ഥലമാണോ എന്നെല്ലാമുള്ള കമന്റുകളാണ് ഇവയ്ക്ക് ലഭിക്കുന്നത്. കശ്മീരില്‍ ഈ സമയം ചെലവഴിക്കാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാരാണെന്നാണ് പലരുടേയും അഭിപ്രായം. അടുത്ത വര്‍ഷം ഈ സമയത്ത് കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരും കുറവല്ല.
സ്വദേശികളും വിദേശികളുമടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും എത്തിയിരുന്ന കശ്മീര്‍ ടൂറിസം മേഖല കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശിഥിലമായിരുന്നു. ടൂറിസത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഓട്ടോ, ജീപ്പ്, കാര്‍ ഡ്രൈവര്‍മാരായ 4,000ലധികം ആളുകള്‍, ഗൈഡുമാര്‍ എന്നിവര്‍ക്ക് തൊഴിലില്ലാതായി. കോവിഡ് വ്യാപനം അവസാനിച്ച ശേഷം പതിയെ എങ്കിലും തിരിച്ചുവരികയാണ് കശ്മീര്‍ ടൂറിസം. മഞ്ഞുവീഴ്ചയും ഈ കാഴ്ചകളും അതിന് കരുത്തേകുമെന്ന പ്രതീക്ഷയിലാണ് കശ്മീര്‍ ജനത.