ഭയരഹിതനായി ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്, രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്- രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 135 ദിവസം നീണ്ട പദയാത്രയുടെ സമാപനം പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടി നേതാക്കളുടെയൊക്കെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. രാഹുലിനെ കൂടാതെ കശ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയും സമാനപന സമ്മേളനത്തില്‍ സംസാരിച്ചു.
യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായതെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാള്‍ക്കും തണുക്കുകയോ നനയുകയോ ഇല്ല, രാഹുല്‍ പറഞ്ഞു. ഇന്ത്യ മുഴുവന്‍ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചു, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ കുടുംബവും മഹാത്മാ ഗാന്ധിയും എന്നെ പഠിപ്പിച്ചത് ഭയരഹിതനായി ജീവിക്കാനാണ്. കശ്മീരിലെ ജനങ്ങള്‍ എനിക്ക് ഗ്രനേഡ് അല്ല സ്നേഹം മാത്രമാണ് തന്നത്. കശ്മീരില്‍ വാഹനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂവെന്ന് സുരക്ഷാസേനാ അറിയിച്ചു. എന്നാല്‍, കശ്മീരിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ എത്തിയ വികാരമായിരുന്നു, വികാരാധീനനായി രാഹുല്‍ പറഞ്ഞു. രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും തന്റെ കുടുംബത്തിനെ പിരിഞ്ഞുപോയപ്പോഴുണ്ടായ അനുഭവവും രാഹുല്‍ പങ്കുവച്ചു.