ബസും പഴങ്ങൾ കയറ്റി പോകുകയായിരുന്ന പികപ് വാനും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; 4 പേർക്ക് പരുക്ക്
കാഞ്ഞങ്ങാട്: ബസും പഴങ്ങൾ കയറ്റി പോകുകയായിരുന്ന പികപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുപനത്തടിയിലെ പരേതനായ അബ്ദുല്ല – ഫാത്വിമ ദമ്പതികളുടെ മകൻ യൂസഫ് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊട്ടോടിയിലെ സിയാദിന് (22) പരുക്കേറ്റു. അമ്പലത്തറ പാറപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ 6.40 മണിയോടെയാണ് അപകടം സംഭവിച്ചത്.
കുറ്റിക്കോലിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഷിയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പികപ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കൂട്ടിയിടിയിൽ പികപ് വാനിനകത്ത് കുടുങ്ങിയ യൂസഫിനെ ഫയർഫോഴ്സും അമ്പലത്തറ പൊലീസും പ്രദേശവാസികളുടെ സഹായത്തോടെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പികപിൽ ഉണ്ടായിരുന്ന നാരങ്ങ, മുന്തിരി ഉൾപെടെയുള്ള പഴങ്ങൾ റോഡിൽ ചിതറി വീണു. യുവാവ് സംഭവസ്ഥത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ബസിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും നിസാര പരിക്കേറ്റു.
കല്ലൂരാവിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൾ സുഹൈലയാണ് യൂസഫിന്റെ ഭാര്യ. രണ്ട് വയസുള്ള നിത ഫാത്വിമ മകളാണ്.