ട്രാഫിക് നിയമങ്ങൾ നിരന്തരം ലംഘിച്ചതിന് കെ എസ് ആർ ടി സിക്ക് ഒന്നരക്കോടിക്കടുത്ത് പിഴ, ഉടൻ അടയ്ക്കാൻ നോട്ടീസ് നൽകി ട്രാഫിക് പൊലീസ്
ബംഗളൂരു : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഇനത്തിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ( കെഎസ്ആർടിസി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബിഎംടിസി) 1.4 കോടി രൂപ പിഴയായി നൽകണമെന്ന് കർണാടക ട്രാഫിക് പൊലീസ് അറിയിച്ചു. ഇതിൽ ബിഎംടിസി മാത്രം 1.3 കോടി രൂപ പിഴയായി നൽകാനുണ്ട്. പിഴത്തുക എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനുകളുടെ മാനേജിംഗ് ഡയറക്ടർമാർക്ക് സ്പെഷ്യൽ പൊലീസ് കമ്മീഷണർ ഡോ എം എ സലീം കത്തയച്ചു.നഗരത്തിലോടുന്ന സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ ആർടിഒയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ നിയമങ്ങൾ ലംഘിച്ചതിന് കുടിശികയായുള്ള ട്രാഫിക് പിഴ അടയ്ക്കാറുണ്ട്. എന്നാൽ ബിഎംടിസി, കെഎസ്ആർടിസി ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ആർടിഒയിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഇതേതുടർന്നാണ് കുടിശിക ഈടാക്കാൻ ട്രാഫിക് പൊലീസ് കത്തയച്ചത്.സർക്കാർ നിയന്ത്രണത്തിലുള്ള ബിഎംടിസി, കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർമാർ നിരന്തരം ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരാണ്. തെറ്റായ പാർക്കിംഗ്, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് പലപ്പോഴും ട്രാഫിക് ലംഘനമായി കണക്കാക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് കരുതി ബസുകൾ പൊലീസ് പിടിച്ചെടുക്കാറില്ല. നിയമലംഘനത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിഎംടിസിക്ക് 26,000 നോട്ടീസുകൾ പൊലീസ് നൽകിയിരുന്നു.