കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു
കൊച്ചി∙ ലിസി ജംക്ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മിയെ ഇടിക്കുകയും ചെയ്തു. താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ലക്ഷ്മിയുടെ ഭർത്താവ്: അയ്യപ്പൻ, മക്കൾ: വിമൽ(ഐടിഐ വിദ്യാർഥി), വിഷ്ണു(എച്ച്എംടി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി)