കാമുകിയെയും കൊണ്ട് ലഡാക്കിൽ ട്രിപ്പ് പോകാൻ പണം നൽകിയില്ല, 22കാരൻ ബന്ധുവായ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ലക്നൗ: കാമുകിയെ ലഡാക്ക് ട്രിപ്പിന് കൊണ്ടുപോകാൻ പണം നൽകാൻ വിസമ്മതിച്ച വീട്ടമ്മയെ ബന്ധുവായ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷാഹിർ ജില്ലയിൽ അക്ബർപൂർ റെയ്ന ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സാവിത്രി ദേവി (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകനായ സാഗർ സിംഗ് (22) അറസ്റ്റിലായി.സാവിത്രിയുടെ ഭർത്താവ് ഗജ്വീർ സിംഗ് മോദിനഗറിലെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവന്നപ്പോഴാണ് വീടിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ സാവിത്രിയുടെ മൃതശരീരം കണ്ടത്. തലയിൽ ഗുരുതരമായി മുറിവേറ്റിരുന്നു. തുടർന്ന് ഗജ്വീർ സിംഗ് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് നായയുമായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധന നടത്തുന്നതുകയും ചെയ്തു. ഇതിനിടെ നായ സാഗർ സുഹൃത്തുക്കളുമായി ഇരിക്കുകയായിരുന്ന മുകളിലത്തെ നിലയിലെത്തി കുരയ്ക്കാൻ ആരംഭിച്ചു. സംശയം തോന്നിയ പൊലീസ് സാഗറിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.പ്രദേശത്തെ മറ്റൊരാളാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു സാഗർ ആദ്യം ശ്രമിച്ചത്. എന്നാൽ സാഗറിന്റെ ഷർട്ടിൽ രക്തക്കറ കണ്ട പൊലീസ് വീണ്ടും ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ട്രിപ്പിന് പോകാൻ പണവും കാറിന്റെ താക്കോലും തരാത്തതിനാൽ വീട്ടമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സാഗർ പൊലീസിന് മൊഴി നൽകി. മർച്ചന്റ് മറൈനായി ജോലി ചെയ്തിരുന്ന സാഗർ കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു.സാവിത്രി ദേവിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ സാഗർ നിലവിൽ ജയിലിലാണ്.