ആലപ്പുഴയിൽ എ എസ് ഐയുടെ വീടിന് മുന്നിൽ മകളുടെ സഹപാഠിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: എ എസ് ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേലുള്ള വീടിനോട് ചേർന്ന ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.എ എസ് ഐയുടെ മകളുടെ സഹപാഠിയാണ് സൂരജ്. ഇന്നലെ രാത്രി പത്തുമണിയ്ക്ക് ശേഷം സൂരജ് എസ് ഐയുടെ വീട്ടിലെത്തിയിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവിടെവച്ച് സൂരജും വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടായി. പിന്നാലെ വീട്ടുകാർ സൂരജിനെ തിരിച്ചയച്ചിരുന്നു. പിന്നീട് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് സമീപത്തുനിന്ന് സൂരജിന്റെ ബൈക്കും കണ്ടെത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.