15-കാരിയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടത് ഷെഡിനകത്ത്, ശരീരത്തില്‍ ചില മുറിവുകള്‍; ദുരൂഹതയെന്ന് കുടുംബം
പെണ്‍കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായരീതിയിലുള്ള ചില മുറിവുകളുണ്ടായിരുന്നതായും ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും അമ്മ സചിത്ര ആരോപിച്ചു.
കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന ഷെഡിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. എകരൂല്‍ ഉണ്ണികുളം സ്വദേശി അര്‍ച്ചന(15)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായരീതിയിലുള്ള ചില മുറിവുകളുണ്ടായിരുന്നതായും ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും അമ്മ സചിത്ര ആരോപിച്ചു.
ജനുവരി 24-ന് രാവിലെയാണ് കത്തിനശിച്ച ഷെഡിനുള്ളില്‍ അര്‍ച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ മകളെ അച്ഛമ്മയുടെ വീട്ടിലാക്കിയാണ് സചിത്ര ജോലിക്കായി പോയത്. അവിടെനിന്ന് താമസിക്കുന്ന ഷെഡില്‍ മറന്നുവെച്ച പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് അര്‍ച്ചന പോയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണി നടക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിന് തീ പിടിച്ചെന്നും തീ അണച്ചപ്പോള്‍ അതിനുള്ളില്‍ മകളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയെന്ന വിവരമാണ് കിട്ടിയതെന്നും സചിത്ര പറയുന്നു.
കിടന്ന് ഉറങ്ങുന്ന രീതിയിലാണ് മകളുടെ മൃതദേഹം ഉണ്ടായിരുന്നത്. തീപിടിത്തത്തില്‍ മരിച്ചതെങ്കില്‍ ഇങ്ങനെ കിടക്കുമോ എന്ന് സംശയമുണ്ട്. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായി ചിലര്‍ പറയുന്നു ഈ കാര്യത്തിലും സംശയമുണ്ട്. മരണത്തിലെ ദുരൂഹത നീങ്ങാന്‍ വിശദമായ അന്വേഷണം വേണമെന്നും സചിത്ര ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.