സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മഞ്ചേശ്വരത്ത് അപകടത്തിൽപ്പെട്ടു; 24 കാരൻ രിഫായി മരണപ്പെട്ടു
മഞ്ചേശ്വരം:ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ കയറി വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവർ കുഞ്ചത്തൂർ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകൻ അബ്ദുൽ രിഫാഈ (24) ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാർ അഹ്മദിനാണ് (22) ഗുരുതരമായി പരുക്കേറ്റത്. കണ്ണൂർ സ്വദേശികളായ ഫാത്വിമ, രേവതി എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് പേരും സുഹൃത്തുക്കളാണ്.
കർണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ കയറുകയും തുടർന്ന് വൈദ്യുതി തൂണിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പ്രദേശവാസികൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ ബശാർ അഹ്മദിനെ ദേർലക്കട്ടെ കെഎസ് ഹെഗ്ഡെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റ് രണ്ടുപേർ മംഗ്ളൂറിലെ വിവിധ ആഷപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റ ഫാത്വിമ മെഡികൽ വിദ്യാർഥിനിയാണ്. അതേസമയം അപകടസ്ഥലത്ത് ട്രാഫിക് പൊലീസും ഉള്ളാൾ പൊലീസും എത്താൻ വൈകിയെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധം ഉയർത്തി.