വീട്ടിലെത്താൻ വൈകിയതിന്റെ കാരണം ചോദിച്ചു; ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി, അറസ്റ്റ്
കാൺപൂർ: വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്ത ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റിൽ. കാൺപൂരിലെ കൂപ്പർഗഞ്ച് മേഖലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ദബ്ബു എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ദബ്ബുവിന്റെ ഭാര്യ പൂനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വീട്ടിലെത്താൻ വൈകിയതിന്റെ കാരണം ചോദിച്ചപ്പോൾ പൂനം ദേഷ്യപ്പെട്ടുവെന്നും തുടർന്ന് വഴക്കുണ്ടായെന്നുമാണ് ദബ്ബു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. വഴക്ക് രൂക്ഷമായതോടെ പൂനം ആസിഡ് എടുത്തുകൊണ്ട് വന്ന് മുഖത്തൊഴിക്കുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.