കല്യാണ വീടുകളിൽ മോഷണം നടത്തുന്ന സംഘങ്ങൾ മരണവീടുകൾ ലക്ഷ്യമിടുന്നു; മോഷണത്തിനെന്ത് മനുഷ്യപ്പറ്റ്
കോട്ടയം ∙ മരണവീടുകളിൽ മോഷണം നടത്തുന്ന സംഘം ജില്ലയിൽ സജീവം. മരണവീടുകളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തി അടുത്ത ബന്ധുവിനെപ്പോലെ പെരുമാറി തക്കം പാർത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. പുതുപ്പള്ളിയിൽ വീട്ടമ്മ മരിച്ചപ്പോൾ ഇത്തരത്തിലെത്തിയ യുവാവ് വീട്ടുകാരെപ്പോലെ പെരുമാറിയ ശേഷം വീട്ടിനകത്തു കടന്ന് മാലയും ലോക്കറ്റും അടക്കം ഒന്നരപ്പവന്റെ സ്വർണവും 800 രൂപയും അപഹരിച്ചു.
സംസ്കാരച്ചടങ്ങു കഴിഞ്ഞ് പള്ളിയിൽ നിന്നു തിരിച്ചെത്തിയ വീട്ടുകാർ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നഗരത്തിലെ അഭിഭാഷകൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും ഇത്തരത്തിൽ അപഹരിക്കൽ നടന്നിരുന്നു. കല്യാണ വീടുകളിൽ മോഷണത്തിനു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംഘം ഇപ്പോൾ മരണ വീടുകളാണ് ലക്ഷ്യമിടുന്നത്. കോവിഡ് കാലത്തിനു ശേഷം വലിയ ആൾക്കൂട്ടമുള്ള കല്യാണ വീടുകൾ കുറവായി. പകരം വിവാഹ ശേഷം റിസപ്ഷനുകളിലാണു കൂടുതൽ പേർ പങ്കെടുക്കുന്നത്.അതിനാൽ വീടുകളിലെ തിരക്കു മുതലാക്കിയുള്ള മോഷണത്തിനു വലിയ സാധ്യത കുറഞ്ഞു. ഇതോടെയാണു മരണ വീടുകൾ തിരഞ്ഞെടുക്കുന്നത്.
മരണവീട്ടിൽ നിന്നു പണം മോഷ്ടിച്ച് ഒളിവിൽക്കഴിഞ്ഞ ആളെ അടുത്തിടെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടൂർ പിണ്ണാക്കനാട് അമ്പാട്ട് വീട്ടിൽ ഫ്രാൻസിസാണ് അറസ്റ്റിലായത്. ബേക്കർ വിദ്യാപീഠം ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച കേസിൽ ചിങ്ങവനത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണുമരണ വീടുകളിൽ മോഷണം നടത്തുന്നയാളാണെന്നു ബോധ്യമായത്. ഇയാൾക്കെതിരേ തിടനാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ സ്റ്റേഷനുകളിലായി 16 കേസുകൾ നിലവിലുണ്ട്. മറ്റു സംഘങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണു പൊലീസിന്റെ നിഗമനം.