നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ച സംഭവം; കോളേജിനെതിരെ നിലവിലുള്ളത് നിരവധി കേസുകൾ
തിരുവനന്തപുരം: കളിയിക്കാവിളയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വിദ്യാർത്ഥികൾ. വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് കോളേജ് മാനേജ്മെന്റിനെതിരെ കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തഞ്ചാവൂർ സ്വദേശി സുമിത്രനെ (20) കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ് സുമിത്രൻ. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയ ശേഷം വിഷമിച്ചിരിക്കുന്നത് കണ്ട് സഹപാഠികൾ കാര്യം തിരക്കിയെങ്കിലും സുമിത്രൻ കാരണം വ്യക്തമാക്കിയില്ല. ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ ഒരു മണിയോടെ ടോയ്ലറ്റിലേയ്ക്കെന്ന് പറഞ്ഞിറങ്ങിയതാണ് സുമിത്രൻ. രാവിലെ ഉറക്കമുണർന്ന വിദ്യാർത്ഥികൾ കണ്ടത് ടെറസിൽ തൂങ്ങിമരിച്ച സുഹൃത്തിനെയാണ്.
തുടർന്ന് കോളേജ് അദികൃതർ കളിയിക്കാവിള പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളിയിക്കാവിള ആശുപത്രിയിലേയ്ക്ക് മാറ്റി.