വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊച്ചിയില്‍ യുവതി അറസ്റ്റില്‍
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി കലൂര്‍ ആസാദ് റോഡ് ചെട്ടിപറമ്പ് സോജ റെക്സ് (39) പിടിയിലായി. പാലാരിവട്ടത്തിനു സമീപം റോയല്‍ ജെറ്റ് ഏവിയേഷന്‍ എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു സോജ.
പട്ടിമറ്റത്തുള്ള യുവാവിന് ഖത്തറില്‍ ജോലി വാഗ്ദാനം നല്കി കഴിഞ്ഞ മാര്‍ച്ചില്‍ 70,000 രൂപ ഇവര്‍ വാങ്ങിയിരുന്നു. ജോലി ശരിയാക്കി കൊടുക്കാതിരിക്കുകയും വാങ്ങിയ പണം തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതോടെ യുവാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പാലാരിവട്ടം പോലീസ് എസ്.എച്ച്.ഒ. ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സോജ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.