കാമുകനൊപ്പം പോകുകയാണ്, ബുദ്ധിമുട്ടിക്കരുതെന്ന് മൂന്നാം ഭാര്യയായ രത്നവല്ലി പറഞ്ഞെന്ന് പ്രതി; കൊച്ചിയിലെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: കാലടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൃത്യം നടത്തിയതിന് പിന്നാലെ രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.സംശയം തോന്നിയ പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം ലൈംഗിക അതിക്രമവും നടത്തി.ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മഹേഷ് കുമാറിന്റെ മൂന്നാം ഭാര്യയാണ് രത്നവല്ലി. ഈ ബന്ധത്തിൽ കുട്ടികളുണ്ടായിരുന്നില്ല. പ്രതിയ്ക്ക് ഇരുപത് വയസുള്ള ഒരു മകളുണ്ട്. അടുത്തിടെയാണ് ഇയാളും രത്നവല്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. ദാമ്പത്യം തുടരാൻ താത്പര്യമില്ലെന്ന് യുവതി പ്രതിയോട് പറഞ്ഞിരുന്നു.സേലം സ്വദേശിയായ മുത്തുവിനൊപ്പം പോകുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും രത്നവല്ലി ആവശ്യപ്പെട്ടിരുന്നു. ഇതാണ് അരുംകൊലയിലേക്ക് നയിച്ചത്. കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.